റിയാദ്: സൗദി അറേബ്യയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ദുബയിൽ വാഹനാപകടം. സംഭവത്തിൽ മലയാളി ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു. ടിപ്പർ ലോറിക്ക് പിന്നിൽ വാൻ ഇടിക്കുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്.
തബൂക്കിൽ നിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്. സ്ഥലത്തെ ഇറക്കമിറങ്ങുമ്പോൾ ഇവരുടെ വാഹനം മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഷരീഫാണ് ഷെഫിൻ മുഹമ്മദിന്റെ പിതാവ്. മൃതദേഹങ്ങൾ ദുബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.