ദില്ലി: പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാണ് യോഗം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.
അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി അറിയിച്ചു. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.
സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു