ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്‌കന് ഏഴുവര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു. പാലക്കാട് ആലത്തൂര്‍ പുളിക്കല്‍ പറമ്പ് വീട്ടില്‍ പ്രദീപിനെയാണ് (52) ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്.
മീനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ 2023 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. അന്നത്തെ മീനങ്ങാടി സബ് ഇന്‍സ്‌പെക്ടറായിരുന്ന സി. രാംകുമാര്‍ കേസിലെ ആദ്യാന്വേഷണം നടത്തുകയും അന്നത്തെ എസ്.എം.എസ് ഡിവൈ.എസ്.പി പി.കെ. സന്തോഷ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
സി.പി.ഒമാരായ സബിത, സിന്ധു, പുഷ്പ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി