കോഴിക്കോട്:
ലഹരി സംഘത്തിൻ്റെ കെണിയിൽനിന്ന് രക്ഷപ്പെട്ട യുവതിക്ക് വധഭീഷണിയെന്ന് പരാതി. കോഴിക്കോട് ചക്കുംകടവ് ചെന്നാലേരി സലീം എന്ന വെമ്പിളി സലീമിനെതിരെയാണ് ഒളവണ്ണ സ്വദേശിയായ യുവതിയുടെ പരാതി.കഴിഞ്ഞദിവസം ബസ് കാത്തുനിൽക്കുന്നതിനിടെ യുവതിയെ സലീം മർദ്ദിച്ചിരുന്നു. കൊലപ്പെടുത്തുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അക്രമം നടത്തിയതെന്നും ജയിലിൽ കഴിയുന്ന സലീം പുറത്തിറങ്ങിയാൽ തന്നെ അപായപ്പെടുത്തുമെന്നുമാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതി പറയുന്നത്.
2016-ൽ ഫോണിലൂടെയാണ് സലീം യുവതിയെ പരിചയപ്പെട്ടത്. പിന്നീട് മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചു. 2018-ൽ കഞ്ചാവുമായി റെയിൽ വേ സ്റ്റേഷനിൽ വെച്ച് പോലീസ് യുവതിയെ പിടികൂടുകയും ചെയ്തിരുന്നു.ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സലീമിൽനിന്ന് അകലംപാലിച്ച യുവതിയെ ഇയാൾ വീണ്ടും വിളിച്ച് ഒപ്പം ചേർന്നില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നുവെന്നാണ് യുവതിയുടെ പരാതി. സഹോദരിയുടെ മകനെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിയുണ്ട്.
ഭീഷണി പതിവായതോടെ സിറ്റിപോലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് സലീം ബസ്സ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചത്.രണ്ട് വർഷത്തോളമായി സലീമിന്റെ ഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടും ഒരു ഫലവും ഉണ്ടാകില്ലെന്നും യുവതി പറയുന്നു. നാട്ടുകാർ പിന്തുടർന്ന് പിടികൂടിയ സലീം നിലവിൽ ജയിലിലാണ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി14 കേസുകളുണ്ട്.