ജിദ്ദ - ഇന്ത്യൻ വിമാനക്കമ്പനികൾക്കു മുന്നിൽ തങ്ങളുടെ വ്യോമാതിർത്തി അടച്ചിടാനുള്ള പാക്കിസ്ഥാന്റെ തീരുമാനം സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന മുൻനിര ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾക്ക് കാലതാസമുണ്ടാക്കും. ഇന്ത്യൻ വിമാനക്കമ്പനികൾക്കു മുന്നിൽ വ്യോമാതിർത്തി അടച്ചിടാനുള്ള പാക്കിസ്ഥാൻ തീരുമാനം മിഡിൽ ഈസ്റ്റ്, ഉത്തര അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര സർവീസുകൾക്ക് കാലതാമസമുണ്ടാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യ വിമാനങ്ങൾ കൂടുതൽ ദീർഘമായ ബദൽ റൂട്ട് തെരഞ്ഞെടുക്കുമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഇക്കാരണത്താൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് എയർ ഇന്ത്യ മുൻഗണന നൽകുന്നതെന്ന് ഞങ്ങൾ ആവർത്തിക്കുന്നതായും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
വിപണി വിഹിതം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയും സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രസ്‌താവനയിൽ സ്ഥിരീകരിച്ചു. കശ്‌മീരിലെ പഹൽഗാമിൽ സന്ദർശനം നടത്തുകയായിരുന്ന ടൂറിസ്റ്റുകൾക്കു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യൻ വിമാന കമ്പനികൾക്കു മുന്നിൽ പാക്കിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. പാക്കിസ്ഥാൻ്റെ വ്യോമാതിർത്തി അടച്ചുപൂട്ടൽ പ്രഖ്യാപനം ഞങ്ങളുടെ ചില അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഇത് ഉണ്ടാക്കിയേക്കാവുന്ന അസൗകര്യം ഞങ്ങൾ മനസ്സിലാക്കുന്നു.
എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ ടീമുകൾ പരമാവധി ശ്രമിക്കുന്നു - ഇൻഡിഗോ പ്രസ്താനയിൽ പറഞ്ഞു.
ഏറ്റവും പുതിയ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാരോട് ഇൻഡിഗോ ആവശ്യപ്പെട്ടു. യാത്രകൾ റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ യാത്രക്കാർക്ക് റീബുക്കിംഗ് ഓപ്ഷനുകളും റീഫണ്ട് ക്ലെയിമുകളും ഇൻഡിഗോ വാഗ്ദാനം ചെയ്തു. നിങ്ങളുടെ ക്ഷമയെയും മനസ്സിലാക്കലിനെയും ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഞങ്ങളുടെ സഹപൗരന്മാരെ പിന്തുണക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് - ഇൻഡിഗോ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം 2019 ൽ ഏകദേശം അഞ്ച് മാസത്തോളം ഇന്ത്യൻ വിമാനക്കമ്പനികൾ സമാനമായ സാഹചര്യം നേരിട്ടിരുന്നു.