സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഒദ്യോഗികമായി അറിയിച്ച് ഇന്ത്യ. കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്. ഇന്ത്യയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.
സിന്ധു നദീജല കരാർ നിർത്തിവെച്ച നടപടിയെ യുദ്ധമായി കണക്കാക്കും എന്നായിരുന്നു പാകിസ്താൻ അറിയിച്ചത്. അട്ടാരി അതിര്‍ത്തി അടയ്ക്കുക. പാക് പൗരന്‍മാര്‍ക്ക് യാത്ര വിലക്ക്. പാക്ക് പൗരന്‍മാര്‍ 48 മണിക്കൂറില്‍ ഇന്ത്യവിടുക. നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക എന്നിവയ്ക്ക് ഒപ്പമായിരുന്നു പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചത്.
കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതോടെ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തുലുകള്‍. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യത പൂര്‍ണമായും ബാധിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതായിരിക്കും ഈ തീരുമാനം. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ പാകിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട ഏഴോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. ഏപ്രിൽ 27 നകം എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്നടക്കമുള്ള തീരുമാനങ്ങളാണ് ഇതിലുള്ളത്.
1. 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ഇന്നലെ മരവിപ്പിച്ചിരുന്നു.അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ
പാകിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ ഇതേ നിലയിൽ തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
2. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചു. അമൃത്സറില്‍ നിന്ന് വെറും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അട്ടാരി, ഇന്ത്യയിലെ ആദ്യത്തെ ലാന്‍ഡ് തുറമുഖവും പാകിസ്ഥാനുമായുള്ള വ്യാപാരത്തിനുള്ള ഏക കരമാര്‍ഗ്ഗവുമാണ്. 120 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ചെക്ക് പോസ്റ്റ്, അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
3. സാർക്ക് വിസ ഇളവ് പദ്ധതി (എസ്‌വിഇഎസ്) പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇനി സർക്കാർ അനുവാദമില്ല. പാകിസ്ഥാൻ പൗരന്മാർക്ക് നേരത്തെ നൽകിയിരുന്ന എസ്‌വിഇഎസ് വിസകൾ റദ്ദാക്കി. എസ്‌വിഇഎസ് വിസ കൈവശമുള്ള എല്ലാ പാകിസ്ഥാനികളോടും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
4. ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയും രാജ്യം വിടാൻ ഒരാഴ്ചത്തെ സമയം നൽകുകയും ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് പ്രതിരോധ ജീവനക്കാരെ തിരിച്ചു വിളിക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചു.
5. മെയ് ഒന്നിനകം കൂടുതൽ വെട്ടിച്ചുരുക്കലുകൾ നടത്തി ഹൈക്കമ്മീഷനുകളുടെ ആകെ എണ്ണം നിലവിലുള്ള 55 ൽ നിന്ന് 30 ആയി കുറയ്ക്കുമെന്ന് ഇന്ത്യ അറിയിച്ചു.
6. പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ അടിയന്തരമായി നിർത്തിവച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 27 നകം എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്ന് സർക്കാർ താക്കീത് നൽകി. എന്നാൽ മെഡിക്കൽ വിസ കൈവശമുള്ളവർക്ക് ഏപ്രിൽ 29 വരെ മാത്രമേ ഇന്ത്യയിൽ താമസിക്കാവുന്നതാണ്.
7. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അട്ടാരി അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളിൽ മാറ്റം വരുത്താൻ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടാനും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ, സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്.