കല്‍പ്പറ്റ: വയനാട് മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. അറുമുഖത്തെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അറമുഖത്തിന്‍റെ മരണത്തിൽ നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലും കാട്ടാനയെ പിടികൂടാനുള്ള കാര്യത്തിലും തീരുമാനമാകാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരുത്താനുള്ള നടപടി സ്വീകരിക്കാമെന്ന ഡിഎഫ്ഒയുടെ ഉറപ്പ് നാട്ടുകാര്‍ അംഗീകരിച്ചില്ല. തുടര്‍ച്ചയായ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് കെ രാമനെതിരെയായിരുന്നു പ്രതിഷേധം. കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം