തിരുവനന്തപുരം: സർക്കാർ ശമ്പളം വാങ്ങുകയും വരുമാനനികുതി അടയ്ക്കാത്തതുമായ ക്രിസ്തുമത വിശ്വാസികളായ അധ്യാപകരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് നിർദേശം പുറപ്പെടുവിപ്പിച്ചതിന് വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നടപടിയെടുത്തത്. ക്രിസ്ത്യൻ ജീവനക്കാരുടെ വിവരംതേടി ഫെബ്രുവരി 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലിറക്കിയ നിർദേശം റദ്ദാക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
സംഭവം സംബന്ധിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സമൂഹത്തിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പരാതിയുമായി മുന്നോട്ടുവന്ന കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൽ കലാമിനെതിരെ ഡി.ജി.പിക്ക് പരാതി നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പി.കെ. മനോജ്, ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന ജില്ല വിദ്യാഭ്യാസ ഓഫിസർ ഗീതാകുമാരി, അരിക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എ.കെ. ഷാഹിന എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്.