ഇടുക്കി: വാഗമൺ പുള്ളിക്കാനത്തിന് സമീപം ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളജിൻ്റെ ബസാണ് വൈകീട്ട് 7.15ഓടെ അപകടത്തിൽ പെട്ടത്. വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണംവിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു. ഇരുപതിലധികം വിദ്യാർഥികൾ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട സമയം പ്രദേശത്ത് കനത്ത മൂടൽ മഞ്ഞും മഴയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.