കോഴിക്കോട് : ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോടാണ് സംഭവം. കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി ആനിക്കാട്ടുമ്മൽ വീട്ടിൽ മുഹമ്മദ് റബീൻ (23), കൊടുവള്ളി മുക്കാംചാലിൽ വീട്ടിൽ നിസാമുദ്ദീൻ (27), പതിമംഗലം പാലുമണ്ണിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ (23), മുട്ടാഞ്ചേരി പരനിലം വീട്ടിൽ മുഹമ്മദ് റാഫി (26) എന്നിവരാണ് കോഴിക്കോട് കുന്ദമംഗലം പൊലീസിൻ്റെ പിടിയിലായത്.
ഏപ്രിൽ 20 ന് പുലർച്ചെയാണ് സംഭവം. പ്രതികളിലൊരാളായ ജബ്ബാർ ട്രാൻസ്ജെൻഡറോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് സ്കൂട്ടർ നിർത്തിയ ശേഷം ട്രാൻസ്ജെൻഡറിന്റെ കയ്യിൽ നിന്നും പ്രതി താക്കോൽ പിടിച്ചു വാങ്ങി. ഇവിടെയുണ്ടായിരുന്ന പ്രതിയുടെ സുഹൃത്തുക്കൾക്ക് താക്കോൽ കൈമാറുകയും ചെയ്തു. പിന്നീട് സ്‌കൂട്ടറുമായി കടന്നുകളയാനുള്ള പ്രതികളുടെ ശ്രമം ചെറുക്കുന്നതിനിടെ ട്രാൻസ്ജെൻഡറെ പ്രതികളിലൊരാൾ മർദ്ദിച്ചു.
ട്രാൻസ്ജെൻഡറുടെ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. നൊച്ചിപ്പൊയിൽ ഭാഗത്ത് മൂന്ന് പേർ സ്‌കൂട്ടർ ഓടിച്ച് പോയതായി കണ്ടതോടെ ഇവരെ കേന്ദ്രീകരിച്ച് അന്വേഷിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കൂട്ടുപ്രതികളെയടക്കം വ്യക്തമായി. മോഷണം പോയ സ്കൂട്ടർ കൊടുവള്ളിയിലെ ഒരു വർക്‌ഷോപ്പിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി ജബ്ബാർ കുന്ദമംഗലം, കൊടുവള്ളി, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് ഉപയോഗിച്ചതും അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. നാല് പേരെയും റിമാൻ്റ് ചെയ്തു