കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക. ആക്രമികൾ സഞ്ചരിച്ച കാർ പിന്തുടർന്ന വണ്ടി നഷ്ട്മായതാണ് ആക്രമണത്തിലേക്ക് എത്തിയത്. പ്രതിയായ ആട് ഷമീറും സംഘവും കാറിൽ പിന്തുടർന്നത് മറ്റൊരാളെ ആക്രമിക്കാനെന്നും പൊലീസ് കണ്ടെത്തി. വിവാഹ ബസ് വളക്കുന്നതിനിടെ ഉണ്ടായ ഗതാഗത തടസത്തിൽ പിന്തുടർന്ന് പോയ വാഹനം നഷ്ടമായതോടെയാണ് ബസിന് നേരേ ആക്രമണം നടത്തിയത്.
പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന വിവാഹസംഘത്തിന്‍റെ ബസിന് നേരെ സ്ഫോടനക വസ്തുക്കൾ ഉൾപ്പെടെ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്യുകയുമായിരുന്നു. ഇന്നലെ പകൽ രണ്ടോടെയായിരുന്നു സംഭവം.
അക്രമികൾ എറിഞ്ഞ രണ്ടു പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു. വെണ്ണക്കാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ആട് ഷമീർ, കൊളവായിൽ അസീസ് എന്നിവർ പൊലീസ് പിടിയിലായി.
വ്യവസായിയെയും ഭാര്യയെയും തട്ടി കൊണ്ടുപോയ കേസടക്കം നിരവധി കേസുകളിൽ ആട് ഷമീർ പ്രതിയാണ്. അക്രമികൾ സഞ്ചരിച്ച കാറിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.