ന്യൂയോർക്ക്: കശ്‌മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയും പാകിസ്താനും നടത്തുന്ന സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ല.
ഇരു രാജ്യങ്ങളും സംയമനം പാലിക്കണം. നിയന്ത്രണ രേഖക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. യു.എൻ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫൻ ഡുജാറിക് ആണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചിരുന്നു.
ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സേനകൾ ആക്രമണം നടത്തിയത്.