ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചത്.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഇത്രയും വര്‍ഷം നിങ്ങള്‍ സമ്മാനിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും', രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് രോഹിത്തിന്റെ വിരമിക്കല്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരകള്‍ ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. രോഹിത് 67 ടെസ്റ്റുകളില്‍ നിന്ന് 40.57 ശരാശരിയില്‍ 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 4301 റണ്‍സ് നേടിയിട്ടുണ്ട്