പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പാക് പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ സുരക്ഷാ സേനക്ക് നിർദേശം നൽകി കരസേന മേധാവി. അതിർത്തി മേഖലകളിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് സൈന്യം. ഇന്ത്യൻ തിരിച്ചടിയിൽ ഭയന്ന് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.
അതിർത്തി പ്രദേശങ്ങളിൽ പാക് പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിക്കാമെന്നാണ് കരസേന മേധാവി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാക് പ്രകോപനത്തിനെതിരെ തിരിച്ചടിക്കാൻ സജ്ജമാണെന്ന് സേന നേരത്തെ അറിയിച്ചിരുന്നു.
അതേ സമയം ഇന്ത്യൻ ഓപ്പറേഷൻ സിന്ദൂറിൽ നടുങ്ങിയ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരുക്കേറ്റു. രണ്ട് സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ജമ്മു കാശ്മീരിലെ വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിൽ മേഖലയിലെ 5 ലധികം വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. സുരക്ഷയുടെ ഭാഗമായി പൂഞ്ച് , രജൗരി തുടങ്ങിയ അതിർത്തി അതിർത്തി പ്രദേശങ്ങളിൽ നിന്നും നൂറോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മാറ്റിപ്പാർപ്പിച്ച് അവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജമ്മു കാശ്മീർ സർക്കാർ വ്യക്തമാക്കി.
അതേസമയം ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ യുദ്ധഭീഷണി
ഇന്ത്യയാണ് പ്രകോപനത്തിന് തുടക്കിട്ടതെന്നും അയല്‍രാജ്യത്തിനെതിരെ ഏത് നീക്കത്തിനും തയ്യാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആക്രണത്തില്‍ നാട്ടുകാര്‍ കൊല്ലപ്പെട്ടന്നാണ് പാകിസ്ഥാന്റെ അവകാശ വാദം.
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്‌വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിയോടെ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് യോഗം നടക്കുക.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുക്കും. ഇതിനു പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുക്കും.