ശ്രീനഗർ: ഇന്നലത്തേതിനു സമാനമായി ഇന്നു രാത്രിയിലും പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ. ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ ഇന്ന് വീണ്ടും എത്തി. പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത പുറത്തു വിട്ടത്. ഡ്രോൺ ആക്രമണങ്ങളെല്ലാം ഇന്ത്യൻ സേന വിഫലമാക്കിയതായും റിപ്പോർട്ടുണ്ട്.
ജമ്മു, സാംബ, പഞ്ചാബിലെ അമൃത്സർ, ഫിറോസ്പുർ, പത്താൻകോട്ട് എന്നിവിടങ്ങളിലാണ് ഡ്രോൺ എത്തിയത്. ഏഴിടങ്ങളിലാണ് പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. ജയ്സാൽമിറിലും, ഗുജറാത്തിലെ കച്ചിലും ഡ്രോണുകൾ പറന്നതായും റിപ്പോർട്ടുകൾ വരുന്നു. കച്ചിൽ 11 ഡ്രോണുകൾ പറന്നതായി വിവരമുണ്ട്. ഭുജിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിയന്ത്രണ രേഖയിൽ എല്ലായിടങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തുന്നുണ്ട്. പൂഞ്ച്, ഉറി, കുപ്‍വാര എന്നിവിടങ്ങളിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോർട്ടുകൾ വരുന്നു. ഇതിനെതിരെയും സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയും തുടരുന്നു. അമൃത്സറിൽ കനത്ത വെടിവെപ്പുള്ളതായും റിപ്പോർട്ടുണ്ട്.
പാക് ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സുരക്ഷ മുൻനിർത്തി ജമ്മുവിൽ പലയിടങ്ങളിലും ലൈറ്റുകളെല്ലാം ഓഫ് ചെയ്ത നിലയിലാണ്. വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നു ജനങ്ങൾക്കു നിർദ്ദേശമുണ്ട്. ബ്ലാക്ക് ഔട്ട് തുടരുകയാണ്. പാകിസ്ഥാൻ ഡ‍്രോണുകൾ ഇന്ത്യയുടെ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതിന്റെ ശബ്ദം കേട്ടതായി എഎൻഐ എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
ജമ്മു വിമാനത്താവളത്തിനു സമീപം സൈറണുകൾ മുഴങ്ങി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പ്രതികരിച്ചു.