ദില്ലി: പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. അതിനിടെ, ഇന്ത്യയിൽ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബിൽ അമൃത്‍സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ. അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത ശബ്ദമാണ് കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്‍റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജലന്ധറിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. പുറത്തിറങ്ങരുതെന്ന് ഉൾപ്പെടെ ജനങ്ങൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. അതിനിടെ, ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി വൈകി വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. അതിനിടെ, ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇക്കാര്യം പാകിസ്താൻ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകൾ തന്ത്രപ്രധാന ഇടങ്ങളിൽ വിന്യസിച്ചെന്നും പാകിസ്താൻ പറയുന്നു.
ഇന്ത്യ- പാക്ക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചിട്ടതായാണ് വിവരം. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദ്ദേശപ്രകാരം അടച്ചത്.
അതിനിടെ, പ്രതിരോധ മന്ത്രിയും വിദേശ കാര്യ മന്ത്രിയും പങ്കെടുക്കുന്ന വാർത്താസമ്മേളനം രാവിലെ 10ലേക്ക് മാറ്റി. അതിർത്തിയിൽ തുടർച്ചയായ ആക്രമണത്തിന്‍റെ സാഹചര്യത്തിൽ സൈനികമേധാവികൾ അതിർത്തിയിലെ സാഹചര്യം ഏകോപിപ്പിക്കുകയാണ്. പ്രത്യാക്രമണവും പ്രതിരോധവും പരിശോധിക്കുകയാണ്. ഇതിന് ശേഷമായിരിക്കും വാർത്താസമ്മേളനം നടക്കുക