ശ്രീനഗർ: ചെനാബ് നദിക്ക് കുറുകെയുള്ള സലാൽ ഡാമിന്റെയും, ബഗ്ലിഹാർ ഡാമിന്റെയും കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. സലാൽ ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്.
ചെനാബ് നദിയിലാണ് ഈ ഡാമുകൾ സ്ഥിതി ചെയ്യുന്നത്. നേരത്തെയും ഡാമിന്‍റെ ഷട്ടറുകൾ പലഘട്ടങ്ങളിലായി തുറന്നിരുന്നു. കൂടുതൽ വെള്ളം പുറത്തേക്കൊഴുകുന്നതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുകയാണ്.
നേരത്തെ ഉറി ഡാമും ഇന്ത്യ തുറന്നുവിട്ടിരുന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു. അതേസമയം, ഇന്ത്യൻ സെെന്യം ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തും. രാവിലെ 10 മുതല്‍ 11 വരെ സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം. നിയന്ത്രണ രേഖയിൽ പലയിടത്തും ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യമാണ് ഉള്ളത്. പൂഞ്ച്, അഗ്നൂർ, രജൗരി മേഖലയിൽ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായി.
രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര, കേശോദ്, കിഷന്‍ഗഢ്്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചത്.