ഇസ്ലാമാബാദ്: ഇന്ത്യ - പാകിസ്ഥാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനിലെത്തിയത്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കാണ് ആദ്യം സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ദില്ലിയിലെത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകൾക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലായിരുന്നു അൽ ജുബൈറിന്റെ ഇന്ത്യ സന്ദർശനം.
രാവിലെ സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവെച്ചെന്നും പറഞ്ഞ് എസ് ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സാധാരണയായി വിദേശരാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുമ്പോൾ മുൻകൂട്ടി അറിയിക്കാറുണ്ട്. സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്താനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ, സൗദി മന്ത്രി മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്