ന്യൂഡൽഹി: ഇന്ത്യ -പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ പൂഴ്ത്തിവെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കൃത്രിമ വിലക്കയറ്റമുണ്ടാക്കാൻ സാധനങ്ങൾ പൂഴ്ത്തിവെക്കുന്ന ഹോൾസെയിൽ, റീട്ടെയിൽ വ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി സമൂഹ മാധ്യമത്തിൽ കുറിച്ചു.
‘രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ കരുതൽ ശേഖരമുണ്ട്. ക്ഷാമമുണ്ടാകുമെന്ന് ആശങ്ക പരത്തുന്ന തെറ്റായ സന്ദേശങ്ങൾ വിശ്വസിക്കരുത്. ഉപഭോക്താക്കൾ ആവശ്യത്തിലധികം വാങ്ങിക്കൂട്ടിവെക്കേണ്ടതില്ല.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇത്തരം പ്രചാരണമുണ്ടായതിനെ തുടർന്ന് ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിന്റെ ആവശ്യമില്ല.’ -മന്ത്രി കൂട്ടിച്ചേർത്തു.