രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, തുള്ളിവെളിച്ചമില്ലാതെ ഇരുട്ടിലാണ് നേരംപുലരുവോളം, വെടിയൊച്ചപോലെയുള്ള ശബ്‌ദങ്ങൾ കേൾക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതി. തമിഴ്‌നാട്ടുകാരായ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് പറയുന്നു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല" -ജമ്മു-കശ്‌മീർ ബാരാമുള കാർഷികസർവകലാശാലയിലെ എംഎസ്സി വിദ്യാർഥിനി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാത്തിമ തജ്വ സംസാരിക്കുമ്പോൾത്തന്നെ ഭയപ്പാടിലാണ്.പാകിസ്താൻ അതിർത്തിക്കടുത്തുള്ള ബാരാമുളയിലെ സോപ്പൂരിലാണ് ഫാത്തിമ പഠിക്കുന്ന കാർഷികസർവകലാശാലയുടെ ഓഫ് കാംപസ്. രാത്രിയായാൽ വൈദ്യുതിബന്ധം വിച്ഛേദിക്കും. പിന്നെ വെള്ളംപോലുമുണ്ടാവില്ല.
"കുപ്വാരയിലടക്കം ഷെല്ലാക്രമണങ്ങൾ നടക്കുന്നു എന്നുകേൾക്കുന്നുണ്ട്. അത് ഇവിടെനിന്ന് അധികംദൂരെയല്ല. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസം പുലർച്ചെ മൂന്നുമണിയോടെ എന്തോ വന്ന് വീഴുന്ന രീതിയിലുള്ള കനത്തശബ്ദംകേട്ടിരുന്നു. പിറ്റേദിവസമാണ് എന്താണെന്ന് മനസ്സിലായത്. കശ്മീരികളായ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമാണ് ശേഷിക്കുന്നത്.
ഞാനടക്കം 22 മലയാളികളുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽ കഴിച്ചുകൂട്ടുകയാണ്. ഭീതിയുള്ള സാഹചര്യത്തിൽ തുടരേണ്ടിവരുന്നതുകൊണ്ട് എല്ലാവരും മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്" -ഫാത്തിമയുടെ വാക്കുകളിൽ നിസ്സഹായത നിറയുന്നു.താരതമ്യേന സുരക്ഷിതമായ ശ്രീനഗറിലാണെങ്കിലും നാട്ടിലെത്താനുള്ള വഴിതേടുകയാണെന്നാണ് ഷാലിമാറിലെ ഷേർ ഇ കശ്‌മീർ അഗ്രികൾച്ചറൽ സർവകലാശാലയിലെ എംഎസ്സി ഹോർട്ടികൾച്ചർ വിദ്യാർഥിനി കോഴിക്കോട് മടവൂർ സ്വദേശി ഫാത്തിമ നേഹ പറയുന്നത്. 20 മലയാളിവിദ്യാർഥികൾ നേഹയ്ക്കൊപ്പമുണ്ട്.
"രാത്രിയിൽ ഇവിടെയും വൈദ്യുതി വിച്ഛേദിക്കും. വ്യോമാക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ പേടിതോന്നും. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ദേഹാസ്റ്റലിൽത്തന്നെ തുടരുകയാണ്. തെലങ്കാന, തമിഴ്‌നാട് സർക്കാരുകൾ അവരുടെ കുട്ടികളെ കൊണ്ടുപോവാൻ ശ്രമം നടത്തുന്നുണ്ട്. നോർക്ക റൂട്ട്സിൽനിന്ന് വിളിച്ച് വിവരങ്ങൾ ചോദിച്ചിരുന്നു. അതിനപ്പുറത്തേക്ക് ഒന്നുമറിയില്ല.
മണ്ണിടിഞ്ഞ് ജമ്മു-ശ്രീനഗർ റോഡ് അടച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് രണ്ടുമണിക്കൂർ യാത്രചെയ്യണം. നാട്ടുകാർക്ക് പ്രശ്നമില്ല. അവർക്ക് ഇതെല്ലാം പരിചിതമാണ്. ഞങ്ങളാണ് പേടിച്ചുകഴിയുന്നത്. ശ്രീനഗർ നിലവിൽ സുരക്ഷിതമാണെന്നത് മാത്രമാണ് ആകെ ഒരാശ്വാസം" -നേഹ പറയുന്നു.