മസ്കറ്റ്: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് വിനിമയ നിരക്ക് ഉയര്‍ന്നു. ഒമാന്‍ റിയാലിന്റെ വിനിമയ നിരക്കിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വിനിമയ നിരക്ക് ഒരു റിയാലിന് 221.30 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്.
ഇന്ത്യൻ രൂപക്ക് കനത്ത നഷ്ടമാണ് വ്യാഴാഴ്ച ഉണ്ടായത്. വ്യാഴാഴ്ച മാത്രം 0.6 ശതമാനം ഇടിവാണുണ്ടായത്. വ്യാഴാഴ്ച ഇന്ത്യൻ രൂപ വൻ തകർച്ച നേരിട്ടിട്ടിരുന്നു. ഇന്ത്യ- പാകിസ്ഥാൻ സംഘര്‍ഷവും രൂപയുടെ മൂല്യം കുറയുന്നതിന് ഒരു കാരണമായി. രൂപയുടെ മൂല്യം കുറഞ്ഞ് ഒരു ഡോളറിന് 85.71 രൂപ എന്ന നിരക്കിൽ എത്തി. ഒരു ദിവസം കൊണ്ട് വൻ തകർച്ചയാണ് ഇന്ത്യൻ രൂപക്കുണ്ടായത്.
2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രൂപക്ക് ഇത്രയും വലിയ തകർച്ചയുണ്ടാവുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ രൂപ ശക്തി പ്രാപിച്ച് വരികയായിരുന്നു. ഈ മാസം രണ്ടിന് കാലത്ത് റിയാലിന്റെ വിനിമയ നിരക്ക് 217.35 വരെ കുറഞ്ഞിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ 218 രൂപയിലെത്തുകയായിരുന്നു. അതിനു ശേഷം വ്യാഴാഴ്ചവരെ ഒരു റിയാലിന് 219 രൂപയിലായി ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയ നിരക്ക്. വ്യാഴാഴ്ച മുതൽ നിരക്ക് ഉയരുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിച്ചു. ചൈനീസ് കറൻസിയായ യുവാൻ ശക്തി പ്രാപിക്കുന്നതോടെ വിദേശ നിക്ഷേപകരുടെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞിട്ടുണ്ട്.
അമേരിക്കൻ ഡോളറിന്റെ മൂല്യ തകർച്ചയും തുടരുകയാണ്. മറ്റു ആറു പ്രധാന കറൻസിയെ അപേക്ഷിച്ച് അമേരിക്കൻ ഡോളറിന്റെ മൂല്യം കാണിക്കുന്ന ഡോളർ ഇന്റക്സ് 99.7 പോയന്റിൽ എത്തി. അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.