ന്യൂയോർക്ക്- ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ സമാധാനത്തിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പോസ്റ്റ് ചെയ്തു. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങളെന്നും ട്രംപ് പോസ്റ്റ് ചെയ്തു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപറേഷൻ സിന്ദൂർ തുടരുന്നതിനിടെ പാകിസ്താന് അതിശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യക്കെതിരായ ഏത് ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ അസന്ദിഗ്ധമായി അറിയിച്ചു.
ഏതു നിലക്കുള്ള പ്രകോപനവും യുദ്ധ പ്രഖ്യാപനമാണ്. പാകിസ്താൻ ശനിയാഴ്ച നടത്തിയ സെനിക നീക്കം അടക്കം യുദ്ധമായി കണക്കാക്കുമെന്ന പ്രസ്താവന അതീവ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. അതിനിടെ ഇന്ത്യ പിന്മാറിയാൽ തങ്ങളും സംഘർഷത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്താൻ അറിയിച്ചു.
ഇന്ത്യൻ മണ്ണിലേക്ക് പാക് സൈന്യത്തിന്റെയോ പാകിസ്താൻ പിന്തുണക്കുന്ന ഭീകരരുടെ പ്രവർത്തനമോ യുദ്ധമായി കണക്കാക്കും എന്നാണ് പ്രഖ്യാപനം. അതിനിടെ അതിർത്തി പ്രശേങ്ങളിൽ പാകിസ്താൻ പ്രകോപനം തുടരുകയാണെന്നാണ് റിപ്പോർട്ട്. നിരവധി ഡ്രോണുകളും ഷെല്ലുകളുമാണ് പാകിസ്താൻ ജനവാസ ഗ്രാമങ്ങളിലടക്കം വിക്ഷേപിച്ചത്.