ദില്ലി: വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവൻ കനത്ത ജാഗ്രത തുടര്‍ന്നു. അതിര്‍ത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.
രാത്രി വൈകി നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവെയ്പ്പ് നടന്നതൊഴിച്ചാൽ ജമ്മുവിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ രാത്രി ഉണ്ടായില്ല. സൈന്യം മേഖലയിൽ ജാഗ്രതയിലാണ്. നഗ്രോത്ത കരസേന ക്യാമ്പിനുനേര നടന്ന ആക്രമണത്തിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പൂഞ്ച് മേഖലയിലും ജനജീവിതം സാധാരണനിലയിലേക്ക് പോവുകയാണ്. രാത്രി വെടിവെയ്പ്പോ ഡ്രോൺ ആക്രമണമോ ഉണ്ടായില്ല.
പഞ്ചാബിലെ പഠാൻകോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ച് തുടങ്ങി. ഗുജറാത്തിലെ പാകിസ്ഥാനിലെ അതിർത്തിയിലും സ്ഥിതി ശാന്തമാണ്. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം അനിഷ്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊച്ചു ജില്ലയിലെ സൈനിക കേന്ദ്രങ്ങൾക്കുള്ള അതീവ സുരക്ഷ ഇപ്പോഴും തുടരുകയാണ്. രാജസ്ഥാനിലെ അതിർത്തി ജില്ലകളിൽ പുലർച്ചെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്ന ബാർമർ, ജയ്സാൽമീർ എന്നിവിടങ്ങളിൽ ജാഗ്രത തുടരുകയാണ്.
ഇന്നലെ രാത്രിയിൽ വെടി നിർത്തൽ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. അതിർത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകൾ വെടിവെച്ചിട്ടു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തി. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ഇന്നലെ പൂർണ ബ്ലാക് ഔട്ട് ഏര്‍പ്പെടുത്തിയിരുന്നു. ജനങ്ങളോട് വീടിനു പുറത്ത് ഇറങ്ങരുതെന്നും നിർദേശം നൽകിയിരുന്നു. അതേസമയം, ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക യൂണിറ്റിന് നേരെയുണ്ടായ ഭീകര ആക്രമണ നീക്കം സൈന്യം തകർത്തു. ഒരു ഗാർഡിനു പരിക്കറ്റു എന്നാണ് വിവരം.
വെടിനിര്‍ത്തൽ കരാറിന് ധാരണയായെങ്കിലും സിന്ധു നദീജലക്കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് ഇന്ത്യ പിൻമാറില്ല.കർതാർ പൂർ ഇടനാഴി തൽക്കാലം തുറക്കില്ല. ഭീകരതക്കെതിരെ ശക്തമായ നിലപാട് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം. പാകിസ്ഥാന്‍റെ തുടർനീക്കം നിരീക്ഷിക്കും. വെടിനിര്‍ത്തൽ കരാറിനുശേഷം പാകിസ്ഥാൻ വീണ്ടും വ്യോമപാത തുറന്നു. ഇന്നലെ രാത്രി നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതോടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ആഹ്ലാദം തുടങ്ങി. എന്നാൽ, മണിക്കൂറുകളുടെ ആയുസ് മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ തനിസ്വരൂപം പുറത്തെടുത്തു. ധാരണ ലംഘിച്ച് വീണ്ടും പ്രകോപനമുണ്ടായി പാക് ഡ്രോണുകൾ അതിർത്തി കടന്നെത്തി. ശക്തമായ മറുപടിയാണ് ഇതിന് ഇന്ത്യൻ സൈന്യം നൽകിയത്