നെടുമ്പാശ്ശേരി: സൈക്കിൾ പമ്പിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി (42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി എയർപോർട്ട് സിഗ്നൽ ജങ്ഷനിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 200 സൈക്കിൾ പമ്പുകളാണ് കഞ്ചാവ് കടത്തിൽ ഉപയോഗിച്ചത്. ഒഡിഷയിൽനിന്ന് കിലോക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങിയതാണ് കഞ്ചാവ്. കോയമ്പത്തൂരിൽ തീവണ്ടിയിറങ്ങിയശേഷം സംഘം ബസിൽ അങ്കമാലിയിലെത്തി. തുടർന്ന് ഓട്ടോയിൽ പോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
സൈക്കിൾ പമ്പ് വിൽപനക്കാരായാണ് ഇവർ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി. ടി.ആർ. രാജേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ജി. സാബു തുടങ്ങിയവരാണ് പരിശോധനക്കുണ്ടായിരുന്നത്.