തിരുവനന്തപുരം :വേനൽ ചൂടിന്
ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റന്നാൾ വരെ, ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.മെയ് 13 ഓടെ കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തുമെന്നും കേരളത്തിൽ 27 ഓടെ കാലവർഷം ആരംഭിക്കുമെന്നും പ്രവചനമുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 13 വരെ കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.