കോഴിക്കോട് : ലഹരിയിടപാടുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ യുവാവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കാരപ്പറമ്പ് സ്വദേശി ഷഹൻഷാ മൻസിലിൽ എം. ഷഹൻഷാ(38)യെയാണ് ടൗൺ പോലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി 10-ഓടെയാണ് സംഭവം. പ്രതി വാഴയൂർ റേഷൻകടയ്ക്കടുത്തുള്ള കെട്ടിടത്തിൽവെച്ച് കത്തി വീശി ഫറൂഖ് കോളേജ് സ്വദേശിയായ മുഹമ്മദ് ഫർഹാന്റെയും നാല് സുഹൃത്തുക്കളുടെയും മൊബൈൽഫോണും കാർഡുകളും പണവുമടങ്ങിയ പഴ്സും പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ഫോണും പഴ്സും തിരിച്ചുതരാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി അന്നുരാത്രിതന്നെ കോഴിക്കോട് പഴയ കോർപ്പറേഷൻ ഓഫീസിനടുത്തെത്തിയപ്പോൾ കത്തികൊണ്ട് കൈക്കും കാലിനും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ടൗൺ പോലീസ് ഇൻസ്പെക്ടർ ജിതേഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ഷാലു, ബൈജു, എസ്‌സിപിഒമാരായ സുജിത്ത്, ദീപിൻ, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് ചേവായൂർ, കസബ പോലീസ് സ്റ്റേഷനുകളിലായി മോഷണക്കേസുൾപ്പെടെ നിലവിലുണ്ട്. ഇയാളുടെ കൂട്ടുപ്രതികളിൽ രണ്ടുപേർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇനി ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്ന് ടൗൺ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.