ദില്ലി: അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന. നിലവിൽ അതിർത്തി ശാന്തമാണ്. പാകിസ്ഥാന് കടുത്ത ഭാഷയിലുള്ള താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ അതിർത്തിയിൽ പാക് ഡ്രോൺ കണ്ടതായി വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് സൈന്യം ഇന്ന് വിശദീകരണം നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ മണ്ണിൽ ആക്രമണങ്ങൾ നടന്നിട്ടില്ലെന്നും ചെറിയ തോതിൽ ഡ്രോൺ സാന്നിധ്യം മാത്രമേ ഉണ്ടായുള്ളൂ എന്നും സൈന്യം അറിയിച്ചു. അതിനിടെ പാക് അതിർത്തികളിലെ വിമാനത്താവളങ്ങളിലെ ഇന്നത്തെ സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി.
ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തി എന്നാണ് പുറത്തുവന്ന വാർത്ത. അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരതക്കെതിരെ ഓപ്പറേഷന്‍ സിന്ദൂരായിരിക്കും രാജ്യത്തിന്‍റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്‍കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി