ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാന്റ് റിപ്പോർട്ട് പുറത്ത്. ഐവിനെ കാറുകൊണ്ട് ഇടിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐവിന്റെ മരണ കാരണം തലക്കേറ്റ പരുക്കാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരുന്നു.പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത് തലക്കേറ്റ പരിക്കും ശരീരത്തിൽ നിന്ന് രക്തം വാർന്നു പോയതുമാണ് മരണ കാരണമെന്നാണ്. നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പാശ്ശേരിയിൽ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായ ഐവിൻ രാത്രി വീട്ടിൽ നിന്ന് കാറിൽ ജോലിക്ക് ഇറങ്ങിയതായിരുന്നു. തോമ്പ്ര റോഡിലെ ഇടവഴിയിൽ എതിരെ വന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം ഐവിന്റെ കാറിൽ ഉരസി. വണ്ടി നിർത്തി ഐവിൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
കാറ് മുന്നോട്ട് എടുക്കാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ വേണ്ട പൊലീസ് വരട്ടെ എന്ന് പറഞ്ഞ് ഐവിൻ കാറിന് മുന്നിൽ ഇരുന്നു. ഫോണിൽ വീഡിയോ ചിത്രീകരിക്കാനും തുടങ്ങി. ഇതോടെ കാർ പെട്ടന്ന് മുന്നോട്ട് എടുത്ത ഉദ്യോഗസ്ഥർ ബോണറ്റിൽ തൂങ്ങി കിടന്ന ഐവിനെ ഇട റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി.
നായിത്തോട് കപ്പേള റോഡിൽ കാർ ബ്രേക്ക് ഇട്ടതോടെ തെറിച്ച് വീണ ഐവിന്റെ ദേഹത്തുകൂടെ കാർ കയറ്റി ഇറക്കി. 20 മീറ്ററോളം ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോയി.
സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.