ബെംഗളൂരു: അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം കനത്തപ്പോള്‍ സുരക്ഷാഭീഷണി കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ ക്രിക്കറ്റ് വീണ്ടും ആവേശത്തിന്റെ പിച്ചിലേക്ക്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി 7.30 ന് ട്വന്റി-20 ക്രിക്കറ്റിന്റെ പോരാട്ടവീര്യം ക്രീസിലെത്തും. സ്വന്തം തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. സുരക്ഷാഭീഷണി കാരണം ഒമ്പത് ദിവസമാണ് ഐപിഎല്‍ നിര്‍ത്തിവെച്ചത്.
ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്സിന് പ്ലേ ഓഫ് ഉറപ്പാകും. 11 കളിയില്‍ എട്ട് ജയവും മൂന്ന് തോല്‍വിയുമാണ് ടീമിനുള്ളത്. 16 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് ടീം. പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും ബാറ്റര്‍ ദേവ്ദത്ത് പടിക്കലും ടീമിലില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കും. ഇരുവരും ടീമിന്റെ കുതിപ്പില്‍ നിര്‍ണായകപങ്ക് വഹിച്ച താരങ്ങളാണ്. നാട്ടിലേക്കുമടങ്ങിയ ഹേസല്‍വുഡ് തിരിച്ചുവരാന്‍ സാധ്യതയില്ല. പരിക്കുകാരണം ദേവ്ദത്ത് സീസണില്‍ ഇനി കളിക്കാനുണ്ടാകില്ല. ദേവ്ദത്തിന് പകരം മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കുമാറി ക്യാപ്റ്റന്‍ രജത് പടിദാര്‍ കളിക്കുമെന്നത് ആശ്വാസം പകരുന്നതാണ്. സൂപ്പര്‍താരം വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. 505 റണ്‍സാണ് താരം ഇതുവരെ നേടിയത്.
12 കളിയില്‍നിന്ന് 11 പോയിന്റുമായി കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. അഞ്ച് കളിയിലാണ് ഇതുവരെ ജയിച്ചത്. വിദേശതാരങ്ങള്‍ ഭൂരിഭാഗവും ടീമിലുള്ളത് കൊല്‍ക്കത്തയ്ക്ക് അനുകൂലഘടകമാണ്. ജയിച്ചാല്‍ ടീമിന് പ്ലേഓഫിലേക്കുള്ള സാധ്യത നിലനിര്‍ത്താം. കൊല്‍ക്കത്തയില്‍ സീസണില്‍ ബെംഗളൂരുവിനെ നേരിട്ടപ്പോഴേറ്റ തോല്‍വിക്ക് പകരംവീട്ടുകയെന്ന ചിന്തയും മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനുണ്ടാകും. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ, ആങ്ക്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍ എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിന്‍ ടീമിന് ലീഗില്‍ ഗുണം ചെയ്തിട്ടുണ്ട്. മോയിന്‍ അലി ടീം വിട്ടത് ടീമിന് തിരിച്ചടിയാണ്.