പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ പ്രശസ്ത യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അറസ്റ്റില്‍. ഹരിയാനയിലും പഞ്ചാബിലുമായി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് യൂട്യൂബ് താരം പിടിയിലായത്. ജ്യോതി അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ പാകിസ്ഥാൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവരെ അഞ്ച് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923 ലെ ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റ് സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രേഖാമൂലമുള്ള കുറ്റസമ്മതം സമർപ്പിച്ചതിന് ശേഷം കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
2023ൽ ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചതായും അവിടെ വച്ച് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഡാനിഷിനെ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിക്കുകയും 2025 മെയ് 13 ന് പുറത്താക്കുകയും ചെയ്തിരുന്നു.
ജ്യോതിയെ നിരവധി പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ഡാനിഷ് പരിചയപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൊരാള്‍ക്കൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയതായും റിപ്പോർട്ടുണ്ട്. യൂട്യൂബിൽ 377K സബ്‌സ്‌ക്രൈബർമാരുള്ള ആളാണ് ജ്യോതി മല്‍ഹോത്ര.