*റിയാദ്: വിസിറ്റ് വിസ സ്റ്റാമ്പ് ചെയ് ശേഷം ഇതുവരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാത്തവർ ജൂൺ ആറിന് ശേഷം വന്നാൽ മതിയെന്ന് ജവാസാത്ത്. ഹജിനോടനുബന്ധിച്ച് സൗദി വിമാനത്താവളങ്ങളിൽ ഹാജിമാർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാണിത്. എന്നാൽ മൾട്ടിപ്ൾ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഒരിക്കലെങ്കിലും സൗദിയിൽ പ്രവേശിച്ചവർക്ക് വിലക്കുണ്ടാവില്ല. മൾട്ടിപ്ൾ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്‌ത് സൗദിയിലേക്ക് ഇതുവരെ പ്രവേശിക്കാത്തവരുടെ വിസകളെല്ലാം സൗദി വിദേശകാര്യമന്ത്രാലയം കാൻസൽ ചെയ്തിരിക്കുകയാണ്. മുഖീം പോർട്ടലിൽ വിസ വിഭാഗത്തിൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. കാൻസൽ ചെയ്ത വിസയിലുള്ളവർ സൗദിയിലെ വിമാനത്താവളങ്ങളിലെത്തിയാൽ അവർക്ക് പുറത്തിറങ്ങാനാവില്ല.കഴിഞ്ഞ ദിവസം ചില മലയാളി കുടുംബങ്ങൾ ഇങ്ങനെ റിയാദ്, ദമാം വിമാനത്താവളങ്ങളിലെത്തിയിരുന്നു. വിസ താത്കാലികമായി കാൻസൽ ചെയ്യപ്പെട്ടതിനാൽ അവർക്ക് തിരിച്ചുപോവേണ്ടിവന്നു. ബലി പെരുന്നാളിന് ശേഷം അഥവാ ജൂൺ ആറിന് ശേഷം തിരിച്ചുവരാനാണ് അവരോട് ജവാസാത്ത് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. അതേസമയം സൗദിയിൽ മൾട്ടിപ്ൾ വിസിറ്റ് വിസയിലെത്തിയ ശേഷം നാട്ടിലേക്കോ മറ്റോ പുറത്ത് പോയവർക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ല. മുഖീം പോർട്ടൽ പരിശോധിച്ചാൽ ഇവർക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന് കാണും. ദിനേനെ നിരവധി പേർ ബഹ്റൈനിലേക്കും ജോർദാനിലേക്കും പോയി വിസ പുതുക്കിവരുന്നുണ്ട്.
പുതിയ വിസിറ്റ് വിസയിലെത്തുന്നവർക്ക് നിയന്ത്രണമുണ്ടെന്ന കാര്യം വിമാനക്കമ്പനികളെ അറിയിക്കാത്തതിനാലാണ് പലരും നാട്ടിൽ നിന്ന് സൗദിയിലേക്ക് വരുന്നത്. ഇത് സംബന്ധിച്ച് പ്രത്യേക സർക്കുലർ കമ്പനികൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ സിംഗിൾ എൻട്രി വിസിറ്റ് വിസയിലെത്തിയവർക്ക് ഓൺലൈനിൽ പുതുക്കാൻ സാധിച്ചില്ലെങ്കിൽ വിസ കാലാവധിക്ക് മുമ്പ് തിരിച്ചുപോകേണ്ടിവരും.