തിരുവമ്പാടി: കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. തിരുവമ്പാടി പുന്നക്കൽ പാലപ്പെട്ടി അസീസ് സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ (21) ആണ് മരിച്ചത്. കുറ്റിപ്പുറം പള്ളിപ്പടി വാരിയർ ഫൗണ്ടേഷന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലെ ആറ് മാസ ലോജിസ്ടിക്ക് കോഴ്സ് വിദ്യാർത്ഥിയാണ്. ഒരു മാസം മുമ്പാണ് കോഴ്സിന് ചേർന്നത്.
ബുധനാഴ്ച രാവിലെ ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥി ഉച്ചയ്ക്ക് ശേഷം പിന്നീട് ക്ലാസ്സിൽ തിരിച്ചെത്തിയില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാർത്ഥി വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോളേജിലെ സിസിടിവിയിൽ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിലേക്ക് കയറി പോകുന്നത് പതിഞ്ഞിട്ടുണ്ട്. തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങൾ : അനസ്, ജിസ്ന.