കോഴിക്കോട്: അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയും എടച്ചേരി മുസ്ലിം ആരാധനാലയത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാദാപുരം-വടകര സംസ്ഥാന പാതയോരത്ത് എടച്ചേരിയില്‍ സ്ഥിതിചെയ്യുന്ന കളിയാംവെള്ളി മാലോല്‍ കുഞ്ഞബ്ദുള്ള മുസ്ല്യാരുടെ നാമധേയത്തിലുള്ള മഖാമില്‍ മോഷണം നടന്നത്. മഖാമിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു.
മഖാമിന് സമീപത്തെ വീട്ടില്‍ വളര്‍ത്തുന്ന നായ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്ത് ചെന്ന് നോക്കിയിരുന്നു. ഈ സമയം ഒരാള്‍ മഖാമിന്റെ മതില്‍ ചാടിക്കടന്ന് സ്‌കൂട്ടറില്‍ രക്ഷപ്പെടുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. എടച്ചേരി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്തായുള്ള മഖാമില്‍ ഇത് മൂന്നാം തവണയാണ് സമാന രീതിയില്‍ മോഷണം നടക്കുന്നത്. ഒരു കേസിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് വീണ്ടും മോഷണം നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവില്‍ എടച്ചേരി ടൗണ്‍ മുതല്‍ പൊലീസ് സ്‌റ്റേഷന്‍ വരെ നിരവധി സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് അന്വേഷണത്തിന് കൂടുതല്‍ സഹായകമാകും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചും പ്രദേശത്ത് മോഷ്ടാക്കളെ നിരീക്ഷിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.