മംഗളൂരു: കേരള തീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ ആറു പേരെയാണ് മംഗളൂരുവിലെ എ.ജെ. ആശുപത്രിയിലാണ് എത്തിച്ചത്. ചൈന സ്വദേശികളായ ലൂ യെൻലി, സൂ ഫാബിനോ, ഗുവോ ലലിനോ, തായ് വാൻ സ്വദേശി സോനിറ്റുൽ ഹസൈനി, മ്യാൻമർ സ്വദേശികളായ തെയ്ൻലി താഹട്ടെ, കൈ സാഹട്ടു എന്നിവരാണ് ആശുപത്രിയിലുള്ളത്.
നാവികസേന കപ്പലായ ഐ.എൻ.എസ് സൂറത്തിലാണ് ജീവനക്കാരെ മംഗലാപുരം തുറമുഖത്ത് എത്തിച്ചത്. അവിടെ നിന്ന് പ്രത്യേക ആംബുലൻസിലാണ് ഗുരുതര പരിക്കേറ്റവർ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം, കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നുവെന്നും കപ്പൽ പൂർണമായും തകരുവാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം.
സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും.
കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉൾകടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതൽ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.