കൊച്ചി: കേരള തീരത്തു നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്നും രാസമാലിന്യമില്ലെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി) ഡയറക്ടര്‍ ജോര്‍ജ്ജ് നൈനാന്‍ പറഞ്ഞു. എന്നാല്‍ അപകടകരമായ ചരക്കുകള്‍ കൊണ്ടുപോകുന്ന രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് അപകടങ്ങള്‍ മൂലമുണ്ടാകുന്ന രാസമാലിന്യത്തിന്റെ ആഘാതത്തെക്കുറിച്ച് ദീര്‍ഘകാല പഠനം നടത്താനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMFRI), സിഐഎഫ്ടി (CIFT), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (Kufos) തുടങ്ങിയ പ്രമുഖ മത്സ്യബന്ധന ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പഠനം നടത്തുക. എംഎസ്‌സി എല്‍സ 3 മുങ്ങിയതിനു ശേഷവും രാസമാലിന്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ഫിഷറീസ് മന്ത്രി യോഗം വിളിച്ചുചേര്‍ത്തിരുന്നു.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ തുറമുഖങ്ങളില്‍ നിന്ന് മത്സ്യഫെഡ് ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റെയും സാംപിളുകള്‍ ഉപയോഗിച്ച് പ്രാഥമിക പഠനങ്ങളും നടത്തിയിരുന്നു. മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് നിന്ന് ശേഖരിച്ച കടല്‍ വെള്ളത്തിന്റെ പിഎച്ച് അളവും സാധാരണമായിരുന്നു.
മഴക്കാലം കാരണം കലക്ക നില അല്‍പം കൂടുതലാണെന്നു മാത്രം. ഫ്‌ളൂറസെന്‍സ് പരിശോധനയും പോസിറ്റീവ് ഫലങ്ങള്‍ തന്നെയാണ് നല്‍കിയത്. ഇതൊരു സെന്‍സറി വിലയിരുത്തലായിരുന്നു. ബയോകെമിക്കല്‍ പാരാമീറ്ററുകള്‍ വിശകലനം ചെയ്യുന്നതിന് വിശദമായ ഒരു പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവടക്കാരും വിപണിയില്‍ മത്സ്യത്തിനുള്ള ആവശ്യം കുറഞ്ഞതായി പരാതിപ്പെടുന്നുണ്ട്.
കപ്പല്‍ തകര്‍ച്ചയ്ക്ക് ശേഷം സ്ഥിരം ഉപഭോക്താക്കളില്‍ പലരും മീന്‍ വാങ്ങുന്നത് നിര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍, ശുദ്ധജല മത്സ്യത്തിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവരുകയുമാണെന്ന് കൊച്ചിയിലെ മത്സ്യക്കച്ചവടക്കാരനും പറഞ്ഞു. മത്സ്യത്തിന്റെ ആവശ്യകതയിലുണ്ടായ കുറവ് കോഴി കര്‍ഷകര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ഡിമാന്‍ഡില്‍ 30% വര്‍ധനവുണ്ടായി. വിപണിയില്‍ പുതിയ കോഴിയുടെ ലഭ്യതക്കുറവും വില കുത്തനെ ഉയരാന്‍ കാരണമായി.
മെയ് 25ന് ശേഷം കോഴിയിറച്ചിയുടെ ആവശ്യകതയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വിപണിയില്‍ 30 ശതമാനമാണ് വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ക്ഷാമത്തിന് കാരണമായി.