കൊല്ലം: കൊല്ലം ആലപ്പാട് തീരത്ത് ബാരൽ അടിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്. അറബിക്കടലിൽ തീപ്പിടച്ച വാൻഹായ് 503 കപ്പലിൽ നിന്നുള്ള ബാരലാകാമെന്നാണ് സംശയംപൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. കസ്റ്റംസിന്റെ അനുമതി ലഭിച്ചാൽ മാത്രമെ തുടർനടപടികളിലേക്ക് കടക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒഴിഞ്ഞ ബാരൽ ആണെന്നാണ് പ്രാഥമിക നിഗമനം. കപ്പലിൽ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകൾ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു.കപ്പലിൽ നിന്ന് വീണതായി സംശയിക്കുന്ന വസ്തുകളിൽ സ്‌പർശിക്കരുത്. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. വസ്തുക്കൾ കണ്ടാലുടൻ 112 ൽ വിളിച്ചറിയിക്കണമെന്നുമായിരുന്നു നിർദേശം. കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹായ് 503 ന് ജൂൺ 9 ന് ഉച്ചയോടെയായിരുന്നു തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലായിരുന്നു സംഭവം.