താമരശ്ശേരി:മത്സരയോട്ടത്തിനിടെ കാർ തടഞ്ഞുനിർത്തി സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. താമരശ്ശേരി പുല്ലാഞ്ഞിമേട് വെച്ചാണ് സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ഫോണിക്സ് ബസ് ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. കെഎസ്ആർടിസി ബസ്സിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് മർദ്ദിച്ചതെന്ന് കാർ യാത്രക്കാരനായ വിദ്യാർഥി പറഞ്ഞു.
പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ നൂറാം തോട് സ്വദേശി അലൻ ജോസിനാണ് മർദ്ദനമേറ്റത്. അലനെ കൂടാതെ സഹപാഠികളായ മറ്റു രണ്ടുപേരും കാറിൽ ഉണ്ടായിരുന്നു.മുക്കത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. കഴുത്ത് പിടിച്ച് ഞെരിക്കുകയും മർദ്ദിക്കുകയും ചെയ്തതായും, കാറിൻ്റെ ബോഡിയിൽ ശക്തമായി ഇടിച്ചതായും അലൻ പറഞ്ഞു.