കോഴിക്കോട്: ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് കടത്താനുള്ള സംഘത്തിന്റെ ശ്രമം പാളി. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം നടന്നത്.
ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന അൽ മനാന എന്ന ബസാണ് സംഘം കടത്തികൊണ്ടുപോവാൻ ശ്രമിച്ചത്.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ഷെഡ്ഡിൽ എത്തിയാണ് സംഘം ബസ് മോഷ്ടിച്ചത്. ബസ് കടത്തികൊണ്ടുപോകുന്നതിനിടെ സംഘം കരുവണ്ണൂരിലെ പെട്രോൾ പമ്പിലെത്തി ഫുൾ ടാങ്ക് ഡീസൽ അടിച്ചു. ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ബസിനെ പിന്തുടർന്നെത്തി തടഞ്ഞുനിർത്തിപൊലീസിനെ വിളിച്ചെങ്കിലും ഇതിനിടെ ബസിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നാലെയാണ് മോഷ്ടിച്ച ബസാണ് ഡീസലടിക്കാൻ കൊണ്ടുവന്നതെന്ന് മനസിലാകുന്നത്. മൈസൂരിലേക്ക് വാഹനം കടത്താനായിരുന്നു സംഘത്തിന്റെ ശ്രമമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.