താമരശ്ശേരി: താമരശ്ശേരി ജി.യു.പി. സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണവും,ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
നാടിനെ ഗ്രസിച്ചിരിക്കുന്ന രാസലഹരിയുടെ കരാള ഹസ്തങ്ങളിൽ നിന്നും വിമുക്തി നേടാനായി നാടിനൊപ്പം താമരശ്ശേരി ജി.യു.പി. സ്കൂളും ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു. രാവിലെ 10.30 ന് ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ ലഹരി വിരുദ്ധ സന്ദേശത്തോടെ സ്കൂൾ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ പരിപാടി ആരംഭിച്ചു. പ്രധാനാധ്യാപിക റോസമ്മ ടീച്ചറുടെ ഉദ്ഘാടനത്തോടെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് സുംബ ഡാൻസ്, പ്രസംഗം, നൃത്ത ദൃശ്യാവിഷ്കാരം, എന്നിവ നിറഞ്ഞ കരഘോഷത്തോടെ അരങ്ങേറി. ശേഷം താമരശ്ശേരി പുതിയ ബസ്റ്റാൻഡിലേക്ക് ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി എത്തിയ സംഘം ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും പൊതുജന പങ്കാളിത്തത്തോടെ പ്രതിജ്ഞയെടുക്കുകയും കയ്യൊപ്പ് ശേഖരണം നടത്തുകയും ചെയ്തു.
കൂടാതെ 'എൻ്റെ കൈകൾ ലഹരിക്കെതിരെ' എന്ന പ്രഖ്യാപനത്തോടെ കൈമുദ്ര പതിപ്പിച്ചു കൊണ്ട് ലഹരിക്കതിരായ പോരാട്ടത്തിൽ JRC യൂണിറ്റും പങ്കുചേർന്നു.
ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് 'THE TEEN SELF -ESTEEM' എന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഡോക്ടർ അനാമിക സെബാസ്റ്റ്യനാണ് ക്ലാസ് നയിച്ചത്. കൗമാര കാലത്ത് പെൺകുട്ടികളിൽ ഉണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾ,അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ - പരിഹാരങ്ങൾ, പാലിക്കേണ്ട ശുചിത്വം എന്നിവയെ പറ്റിയായിരുന്നു ക്ലാസ്. സീനിയർ അസിസ്റ്റൻ്റ് ജലജ പി സൈമൺ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രധാന അധ്യാപിക റോസമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി, ജാഗ്രത സമിതി കൺവീനർ എന്നിവർ പങ്കെടുത്തു