തൃശൂര്‍:കൊടകരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട മൂന്ന് പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശികളായ രാഹുൽ (19), റുബേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. 40 വർഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം വെള്ളിയാഴ്ച രാവിലെയാണ് ഇടിഞ്ഞുവീണത്. ആകെ 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.ഒമ്പത് പേർ ഓടിരക്ഷപ്പെട്ടു.
സംഭവ സ്ഥലത്ത് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായില്ല. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്ന് തകരുകയായിരുന്നു. തൊഴിലാളികൾ ജോലിക്ക് പോകാൻ ഇറങ്ങുന്നതിനിടെ രാവിലെ ആറുമണിയോടെ കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകർന്നത്.
ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ തുടങ്ങിയത്. പിന്നീട് ജെ.സി.ബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കി തിരച്ചിൽ ഊർജിതപ്പെടുത്തി. പുതുക്കാട് നിന്നാണ് ഫയർഫോഴ്സ‌് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തകർ പുറത്തെടുക്കുമ്പോൾ റുബേലിന് ജീവനുണ്ടായിരുന്നു. ഗുരുതര പരിക്കേറ്റതിനാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീവൻ നഷ്ടപ്പെടുകയായിരുന്നു.