മേപ്പയ്യൂര്‍: ചെറുവണ്ണൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി മട്ടന്‍ കുട്ടു, കുട്ടുമുട്ടാസ് എന്നീ പേരിലറിയപ്പെടുന്ന വെള്ളയോട് ചാലില്‍ രജീഷ് ( 29) ആണ് മേപ്പയ്യൂര്‍ പോലീസിന്റെ പിടിയിലായത്. ചെറുവണ്ണൂര്‍ വലിയ പറമ്പില്‍ മനോജന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് 160 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പെണ്‍ സുഹൃത്തിനെ കാണാന്‍ ഇന്നലെ രാത്രി ചെറുവണ്ണൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ പെണ്‍സുഹൃത്ത് അനുമോള്‍ എന്ന പിങ്കി നേരത്തേ 12 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടിയിലായി ജയിലിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ.ബൈജുവിന്റെ കീഴിലെ ജില്ലാ നാര്‍കോട്ടിക് സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി എന്‍.സുനില്‍ കുമാറിന്റെ കീഴിലെ സ്‌ക്വാഡും മേപ്പയ്യൂര്‍ എസ്.ഐ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്