ഒളവണ്ണ:സ്വർണം വാങ്ങാൻ എത്തിയ ആൾ മോതിരം കവർന്നു മുങ്ങി. കുന്നത്തുപാലത്തുള്ള ചൈത്രം ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30നാണു സംഭവം. മോതിരം വാങ്ങാൻ എന്ന വ്യാജേന എത്തി അരപ്പവൻ സ്വർണമോതിരം മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. പ്രതിയുടെ ചിത്രം സ്ഥാപനത്തിലെ സിസി ടിവിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഒരു മോതിരം തിരഞ്ഞെടുത്ത ശേഷം അതിൽ പേര് എഴുതാൻ പറഞ്ഞ് 200 രൂപ അഡ്വാൻസ് നൽകി. ബാക്കി തുക എടിഎമ്മിൽ നിന്നും
എടുത്തു വരാമെന്ന് പറഞ്ഞ് ഇയാൾ പുറത്തേക്കു പോയപ്പോഴാണു മോതിരം നഷ്ടമായെന്നു മനസ്സിലായതെന്ന് ഉടമ മധുസൂദനൻ പറഞ്ഞു. പന്തീരാങ്കാവ് പൊലീസ് സിസി ടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ മുൻപും സമാനമായ കളവുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷണം നടത്തിയതു തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ താമരശ്ശേരി പെരുമ്പള്ളിയിൽ താമസിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കി.