കോഴിക്കോട്: പന്തീരാങ്കാവ് കുന്നത്തു പാലത്തെ ചൈത്രം ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയും താമരശ്ശേരി പെരുമ്പള്ളിയിൽ താമസക്കാരനുമായ സുലൈമാൻ എന്ന ഷാജിയാണ് (46) പിടിയിലായത്. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്‌ടർ ഷാജുവിന്റെ നേതൃത്വത്തിൽ എസ്‌ഐ സുനീറും സംഘവും തലശ്ശേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് കുന്നത്തുപാലത്തെ ജ്വല്ലറിയിൽ മോഷണം നടന്നത്. മോതിരത്തിൽ പേരെഴുതാൻ പറഞ്ഞ് അഡ്വാൻസും നൽകി ബാക്കി തുക എടിഎമ്മിൽ നിന്ന് എടുത്തു നൽകാമെന്ന് പറഞ്ഞു മോതിരവുമായി മുങ്ങുകയായിരുന്നു. മുമ്പും ഇയാൾ ഇത്തരം കേസിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതിയെ ജ്വല്ലറിയിൽ കൊണ്ടുപോയി തെളിവെടുത്തു. പാളയത്തെ ജ്വല്ലറിയിൽ ഇയാൾ വിറ്റ സ്വർണം കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.