തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനം. നിലവിൽ പൊലിസ് സ്റ്റേഷനുകളിലും മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫിസുകളിലുമായാണ് വിവിധ കേസുകളിലായി പിടികൂടി കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിച്ചുവരുന്നത്. എന്നാൽ, ഇവിടങ്ങളിൽ കൂടുതൽ വാഹനങ്ങൾ സൂക്ഷിക്കാൻ പരിമിതിയുള്ളതിനാലാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി തേടി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
സ്ഥിരമായി നിയമലംഘനം നടത്തുന്നതും നിരവധി തവണ നിർദേശിച്ചിട്ടും നികുതി, പിഴ എന്നിവ അടയ്ക്കാതെ കൊണ്ടുനടക്കുന്നതുമായ വാഹനങ്ങൾ പിടിച്ചെടുക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ, ഇത്രയധികം വാഹനങ്ങൾ പിടിച്ചെടുക്കേണ്ടി വരുമ്പോൾ ഇവ സൂക്ഷിക്കാൻ കൂടുതൽ സ്ഥല സൗകര്യം ആവശ്യമുള്ളതിനാലാണ് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
വാഹനം സൂക്ഷിക്കുന്നതിന് സ്വകാര്യ കേന്ദ്രങ്ങൾക്ക് പണം നൽകുകയും ഇത് വാഹന ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും. വാഹനം സൂക്ഷിക്കുന്നിടത്ത് ചുറ്റുമതിലൊരുക്കാനും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനമുണ്ട്.