താമരശ്ശേരി: താമരശ്ശേരി പോലീസ് കൈതപ്പൊയിൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിൻ്റെ കണ്ണികളായി പ്രവർത്തിക്കുന്നു എന്ന് കരുതുന്ന ആറു പേരെ കസ്റ്റഡിയിലെടുത്തു.
കൈതപ്പൊയിൽ അങ്ങാടിയിലെ എ ടി എമിന് സമീപം വെച്ചാണ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ മൂസ(19), പെരുമ്പളളി കമ്പിവേലിമ്മൽ മുഹമ്മദ് ഫിജാസ് (20),ചുണ്ടേൽ കൊളങ്ങര കാട്ടിൽ റാഷിദ് (25), ഇക്ബാൽ, അസിൻ, ജിനു ദേവ് എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്നും പണവും, എ ടി എം കാർഡുകളും, മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
നിയമവിരുദ്ധമായ രൂപത്തിൽ ഇടപാടുകൾ നടത്തി പണം തട്ടുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് ചോദ്യം ചെയ്യലിൽ തിരിച്ചറിഞ്ഞു.വിവിധ ആളുകളുടെ എക്കൗണ്ട് നമ്പറും,എ ടി എം കാർഡുകളും ശേഖരിച്ച് ഓൺലൈൻ തട്ടിപ്പിലൂടെ ഇവരുടെ എക്കൗണ്ടുകളിലേക്ക് എത്തുന്ന പണം പിൻവലിക്കുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പാണ് പ്രതികൾ നടത്തുന്നത്.
എക്കൗണ്ട് ഉടമകൾക്ക് തുച്ചമായ തുക നൽകിയാണ്എടിഎം കാർഡ്, ചെക്ക് ബുക്ക് തുടങ്ങിയവ കൈക്കലാക്കുന്നത്. തട്ടിപ്പിന് ഇരയായവർ പരാതി നൽകുമ്പോൾ ആദ്യം പിടിയിലാവുക എക്കൗണ്ട് ഉടമകളാണെന്ന വിവരം അറിയാതെയാണ് പലരും എടിഎം കാർഡും, എക്കൗണ്ട് വിവരങ്ങളും തട്ടിപ്പ് സംഘത്തിന് കൈമാറുന്നത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു