കോഴിക്കോട് :നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാലക്കാട്ടും മലപ്പുറത്തുമായി 2 പേർക്ക് നിപ്പ സ്ഥിരീകരിച്ചതിനാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നടത്തിയ പരിശോധനയിലാണ് നിപ്പ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈറസ് ബാധിതരെ കണ്ടെത്തിയ ജില്ലകളിൽ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.മൂന്നു ജില്ലകളിൽ ഒരേ സമയം പ്രതിരോധ പ്രവർത്തനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. 26 കമ്മിറ്റികൾ വീതം മൂന്നു ജില്ലകളിൽ രൂപീകരിച്ചു. സമ്പർക്ക പട്ടിക തയാറാക്കുന്നതിന് പൊലീസിൻന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെൽപ്പ് ലൈനും, ജില്ലാ ഹൈൽപ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളിൽ ജില്ലാതലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. കലക്ടർമാർ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം.