കോഴിക്കോട് :1986 ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചു പൊലീസിനു മൊഴിനൽകിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി– 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവച്ചും ഒരാളെ കൊന്നുവെന്നാണു മൊഴി.
ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബർ 24നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിരുന്നതായും കണ്ടെത്തി. കടപ്പുറത്ത് യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയ വാർത്ത പിറ്റേന്ന് ‘മലയാള മനോരമ’യിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് കേസിൽ അന്വേഷണം തുടങ്ങി.
14–ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനിൽ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തിൽകൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.
എന്തെങ്കിലും മാനസിക പ്രശ്നങ്ങളെത്തുടർന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്