കോഴിക്കോട്: ഈ മാസം 24 മുതല്‍ ആരംഭിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ കയാക്കിങ് മത്സരക്രമം തയ്യാറായി. ലോകപ്രശസ്ത 14 കയാക്കിങ് താരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്‍നിര കയാക്കിങ് താരങ്ങളും മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കുന്നുണ്ട്.
കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), ജില്ലാ പഞ്ചായത്ത് കോഴിക്കോട്, എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍. ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്‍റെ (ഐ.കെ.സി.എ) സാങ്കേതിക സഹായവും മത്സരത്തിനുണ്ട്.
ലോക കയാക്കിങ് രംഗത്തെ ഏറ്റവും പ്രമുഖ താരങ്ങളാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ എത്തുന്നതെന്ന് സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള സാഹസിക വിനോദ മേഖല കേരളത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യത്തെ സാഹസിക വിനോദങ്ങളുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.