കോഴിക്കോട്: 1986ലും 1989ലും രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് ‘പ്രതി’ 39 വർഷത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തുക. എന്നാൽ കൊല്ലപ്പെട്ടവരെ കുറിച്ച് തുമ്പില്ലാതെ പൊലീസ് വട്ടം കറങ്ങുക. സിനിമാ കഥയെ വെല്ലുന്ന വെളിപ്പെടുത്തലുമായി മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (54) രംഗത്തുവന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് പൊലീസ്. 1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്ന് വെളിപ്പെടുത്തിയ പ്രതി 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചിൽവെച്ച് ഒരാളെ കൊന്നുവെന്നും പറയുന്നു.
ഇതോടെ കൂടരഞ്ഞി, നടക്കാവ് പൊലീസ് ശൂന്യതയിൽനിന്ന് അന്വേഷണം ആരംഭിച്ചിരിക്കയാണ്. വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി ജൂൺ അഞ്ചിനാണ് മുഹമ്മദലി കൊലപാതക സംഭവം വെളിപ്പെടുത്തിയത്. നടക്കാവ്, കൂടരഞ്ഞി പൊലീസുമായി വേങ്ങര പൊലീസ് ബന്ധപ്പെട്ടെങ്കിലും ഒരു മാസത്തിലേറെയായി തുമ്പൊന്നും ലഭിച്ചിട്ടില്ല. പഴയ പത്രവാർത്തകൾ തേടി നടക്കുകയാണ് പൊലീസ്. 39 വർഷം മുമ്പത്തെ അസ്വാഭാവിക മരണങ്ങൾ ഏതൊക്കെയെന്ന് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് മോർച്ചറിയിലെ പഴയ രേഖകളും പരതുന്നുണ്ട്. കമ്പ്യൂട്ടർ വത്കരണമൊന്നും നടക്കാത്ത കാലമായതിനാൽ സത്യം കണ്ടുപിടിക്കൽ ശ്രമകരമാണ്.
കഴിഞ്ഞ ദിവസമാണ് കൂടരഞ്ഞി പൊലീസും നടക്കാവ് പൊലീസും മുഹമ്മദലിയെ ചോദ്യം ചെയ്തത്. കൂടരഞ്ഞിയിൽ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് വെളിപ്പെടുത്തിയ മുഹമ്മദലി കോഴിക്കോട് കടപ്പുറത്ത് പണം തട്ടിപ്പറിക്കാനെത്തിയ യുവാവിനെ സുഹൃത്തായ കഞ്ചാവ് ബാബുവിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നത്രെ. മരിച്ചതാരാണെന്ന് കണ്ടെത്തിയാൽ മാത്രം മതിയാവില്ല ഇനി. കഞ്ചാവ് ബാബു ആരായിരുന്നു എന്നും കണ്ടെത്തേണ്ടതുണ്ട്. കൂടരഞ്ഞി പൊലീസും നടക്കാവ് പൊലീസും മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. കേസിൽ പരോഗതിയൊന്നുമായിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ ടൗൺ അസി. പൊലീസ് കമീഷണർ ടി.കെ. അഷ്റഫ് പറഞ്ഞു.
അതേ സമയം, മുഹമ്മദലിക്ക് മാനസിക തകരാറാണെന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ പൗലോസ് വെളിപ്പെടുത്തിയത്. പൊലീസ് മുഹമ്മദലിയെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. വേങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിലെ ജയിലിലാണ് മുഹമ്മദലി കഴിയുന്നത്.
കോഴിക്കോടും കൂടരഞ്ഞിയിലും അസ്വാഭാവിക മരണങ്ങൾ ആ കാലത്ത് നടന്നതായ പത്രവാർത്തകൾ പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. ആരൊക്കെയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ട് വേണം കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകാൻ. പഴയ പത്രവാർത്തകൾ പരിശോധിച്ച പൊലീസിന് മുഹമ്മദലി പറഞ്ഞതിനോട് സാമ്യമുള്ള രണ്ട് മരണങ്ങളുടെ വാർത്താകട്ടിങ് ലഭിച്ചിട്ടുണ്ട്. മുഹമ്മദലി പറഞ്ഞത് സത്യമെങ്കിൽ പ്രായപൂർത്തിയാവുന്നതിന് മുമ്പാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്