ഗസ്സ: ഗസ്സ മുനമ്പിൽ ഇസ്റാഈൽ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണങ്ങളിൽ 78 പേർ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗസ്സ സിറ്റിയിൽ മാത്രം 39 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ നാവിക സേനാ കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹ്, മോർട്ടാർ ഷെൽ അറേയുടെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാൻ അതിയ മൻസൂർ, നിസ്സിം മുഹമ്മദ് സുലൈമാൻ അബു സഭ എന്നിവർ കൊല്ലപ്പെട്ടതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു.
ഗസ്സ നഗരത്തിന്റെ പടിഞ്ഞാറുള്ള അൽ-റിമൽ പ്രദേശത്ത് രാത്രിയിലും തുടരുന്ന ആക്രമണങ്ങളിൽ കുറഞ്ഞത് അഞ്ച് പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 44 ആയി ഉയർന്നതായി അൽ-അഹ്ലി അറബ് ആശുപത്രി വൃത്തങ്ങൾ അൽ ജസീറയോട് വെളിപ്പെടുത്തി. ഇന്ന് പകൽ മാത്രം ഗസ്സ സിറ്റിയിൽ നടന്ന ഇസ്റാഈൽ ആക്രമണങ്ങളിൽ 39 പേർ മരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുലർച്ചെ മുതൽ ഗസ്സ മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഇസ്റാഈൽ ആക്രമണങ്ങൾ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളെ ഓർമിപ്പിക്കുന്നതാണ്. രണ്ട് മണിക്കൂറിനുള്ളിൽ ഏഴോളം വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതലും വാഹനങ്ങൾക്ക് നേരെയാണ് ആക്രമണങ്ങൾ. ഗസ്സ സിറ്റിയിലെ അൽ-ജലാൽ സ്ട്രീറ്റിൽ വാഹനം ആക്രമിക്കപ്പെട്ടതിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മറ്റൊരു വാഹനം ആക്രമിക്കപ്പെട്ടതിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പരുക്കേറ്റവരെ അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഷെയ്ഖ് റദ്‌വാൻ, തുഫാ എന്നിവിടങ്ങളിൽ ബോംബിട്ട് തകർത്ത രണ്ട് റെസിഡൻഷ്യൽ വീടുകളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ദേർ എൽ-ബലായിലെ ഭക്ഷ്യവിതരണ കേന്ദ്രവും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു, ഇതിൽ മൂന്ന് പേർ, പ്രധാന ഓപ്പറേറ്റർ ഉൾപ്പെടെ, കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി ഇസ്റാഈൽ ആക്രമണം ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ.